ഓർത്തഡോക്സ് ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ, വിശ്വാസികളുടെ ആന്തരിക മനോഭാവം, പ്രത്യേകിച്ചും വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ, പ്രധാനമായ ഒന്നാണ്. വിശുദ്ധ കുർബാന എന്നത് ഒരു വ്യക്തിയുടെ ആത്മീയ സന്നദ്ധത, വിശ്വാസം, അനുതാപം എന്നിവയുടെ പ്രതിഫലനമാണ്. അതിനാൽ, ഈ പ്രക്രിയയിൽ, വ്യക്തിയുടെ ആന്തരിക മനോഭാവം അതിന്റെ പ്രസക്തി നിലനിർത്തുന്നു.(1 ശമൂവേൽ 16:7) . യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
“യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.”(സങ്കീർത്തനങ്ങൾ 29:2) ഓർത്തഡോക്സ് പാരമ്പര്യത്തിൽ, ആരാധനയുടെ പവിത്രതയും ദേവാലയത്തിലെ ബഹുമാനവും വളരെ പ്രധാനമാണ്. ദേവാലയം ദൈവാരാധനയ്‌ക്കായി സമർപ്പിക്കപ്പെട്ട ഒരു വിശുദ്ധ സ്ഥലമായതിനാൽ, ഒരാൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നത് ആരാധനയുടെ ഗൗരവം കാട്ടുന്ന ഒരു ഘടകമെന്ന നിലയിൽ കാണപ്പെടുന്നു. അതിനാൽ, ആരാധകർ എളിമയോടെയും ഉചിതമായ രീതിയിലും വസ്ത്രം ധരിക്കണമെന്ന പ്രതീക്ഷയാണ് അഥവാ നിർദേശിക്കുന്നത്.
ജീൻസും ടി-ഷർട്ടും ധരിച്ചതുപോലുള്ള വസ്ത്രധാരണം മാത്രം പരിഗണിച്ചുകൊണ്ട് ഒരാൾക്ക് വിശുദ്ധ കുർബാന നിഷേധിക്കുന്നത് ഓർത്തഡോക്സ് ദൈവശാസ്ത്രത്തിൽ അംഗീകരിക്കാവുന്ന വസ്തുത അല്ല എന്നാണ് എന്റെ വ്യക്തിപരമായ ബോധ്യം.”നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?” (യാക്കോബു 2:2-4)
കൂദാശകൾ ഏറ്റെടുക്കാനുള്ള യോഗ്യത ഒരു വ്യക്തിയുടെ ആത്മീയ സന്നദ്ധതയിലും, വിശ്വാസത്തിലും, ബഹുമാനത്തിലും ആശ്രയിച്ചിരിക്കണം. ആന്തരിക വിശ്വാസവും ബഹുമാനവുമുള്ള ഒരാൾക്ക് വസ്ത്രത്തിന്റെ പേരിൽ വിശുദ്ധ കുർബാന നിഷേധിക്കുന്നതു ദൈവശാസ്ത്രപരമായി ശരിയല്ല.
ഉചിതമായ വസ്ത്രധാരണം സഭയിൽ ബഹുമാനത്തിന്റെ പ്രതീകമെന്ന നിലയിൽ മനസ്സിലാക്കപ്പെടുമ്പോഴും, വസ്ത്രം പോലെ ബാഹ്യ ഘടകങ്ങൾ മൂലം ഒരാൾക്ക് വിശുദ്ധ കുർബാന നിഷേധിക്കുന്നത് ഓർത്തഡോക്സ് ദൈവശാസ്ത്രം അംഗീകരിക്കുന്നില്ല. ഇവിടെ മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആ വ്യക്തിയുടെ ഹൃദയം, വിശ്വാസം, അനുതാപം എന്നിവയിലാണെന്നതാണ്.